Sunday, November 4, 2007

എന്‍റ്റെ ബോധതലത്തിനു പുറമേ
അവ പിടിമുറുക്കുന്നു.
ദശാബ്ദങ്ങള്‍ക്കപ്പുറം ഞാന്‍ പുച്ഛിച്ചു തള്ളിയ
പിതൃക്കളുടെ ശീലങ്ങള്‍,
അവയെന്നെ പിന്തുടരുന്നു.

ഒരു കൂടുവിടാക്കൂടുമാറ്റം പോലെ
അവയെന്നില്‍ കുടിയേറവേ
എനിക്കൊപ്പം വളര്‍ന്ന എന്‍റ്റെ പരിഹാസങ്ങള്‍
‍എന്നെ നോക്കി പല്ലിളിക്കുന്നു, കോക്രി കാട്ടുന്നു.

ജീനുകള്‍ പറിച്ചെറിയുക; അതത്ര എളുപ്പമല്ലത്രേ.

Wednesday, October 17, 2007

ലബ്‌ ഡബ്‌... ലബ്‌ ഡബ്‌...
നിശബ്ദതയുടെ വഴിത്താരകളിലെവിടെയോ
ഒരു ഹൃദയം മിടിക്കുന്നു.
സ്പന്ദമാപിനികള്‍ക്കുമപ്പുറത്തേക്ക്‌
അതിന്റെ ഓരോ തുടിപ്പും വളരുന്നു.
അടുത്ത സ്പന്ദനം അവയെ തകര്‍ക്കും മുന്‍പേ,
എനിക്കാ ഹൃദയം കണ്ടെത്തണം.
അതിന്റെ സിരകളും ധമനികളുമറുത്ത്‌-
അതിനെ നിര്‍വീര്യമാക്കണം.
ഒറ്റപ്പെടുത്തണം.
പക്ഷേ...
പക്ഷേ, അതെന്റെ ഹൃദയമാണല്ലോ...

20071007
ബാംഗ്ലൂര്‍